കൂടത്തായി കൊലപാതക പരമ്പര: ജോളി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍;

238

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

മരിച്ച റോയിയുടെ ഭാര്യ ജോളി, സഹായിയും സുഹൃത്തുമായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു, മാനന്തവാടിയിലെ സ്വര്‍ണപണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ആറു പേരെയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയത് താനാണെന്ന് ജോളി സമ്മതിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിന് പിന്നാലെയാണ് മാത്യൂവിനെയും പ്രജുകുമാറിനെയും കസ്റ്റഡിയിലെടുത്തത്. ജോളിക്ക് സയനൈഡ് നല്‍കിയത് താനാണെന്ന് മാത്യു പൊലീസിനോട് സമ്മതിച്ചു.

ഇതിനിടെ, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സ്‌കറിയയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

16 വര്‍ഷം മുമ്പാണ് അറസ്റ്റിന് കാരണമായ ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫിന്‍(2) എന്നിവരാണ് മരിച്ചത്.

ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ല്‍ ആദ്യം മരിച്ചത്. കുഴഞ്ഞ് വീണായിരുന്നു മരണം. തുടര്‍ന്ന് മറ്റുളളവരും സമാന സാഹചര്യത്തില്‍ മരിച്ചു. ആറ് വര്‍ഷം മുമ്പായിരുന്നു റോയി തോമസിന്റെ മരണം. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെയാണ് ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനക്കായി പുറത്തെടുത്തത്.