വട്ടിയൂര്‍ക്കാവ്: തന്റെ പേര് ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനം

230

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ് കാരണമെന്ന് കരുതുന്നില്ലെന്നും ഇതിന് മുമ്പും പല പരാജയങ്ങളും അറിഞ്ഞ വ്യക്തിയാണ് താനെന്നും കുമ്മനം പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം എന്തുതന്നെ ആയാലും അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ അംഗീകരിക്കുമെന്നും കുമ്മനം അറിയിച്ചു.

കേന്ദ്രത്തിന്റെ തീരുമാനം യുക്തമാണ്. സുരേഷിന്റെ വിജയത്തിനായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സന്തോഷത്തോടെയും അഭിമാനത്തോടെയും അംഗീകരിക്കുന്നു. ഏറ്റവും യുക്തനായ സ്ഥാനാര്‍ത്ഥിയാണ് സുരേഷെന്നും കുമ്മനം പറഞ്ഞു. ജനസേവനത്തിന് ഏത് സ്ഥാനവും ഉപയോഗപ്പെടുത്താം. അതിന് പ്രത്യേക സ്ഥാനം വേണമെന്നില്ല. എന് സുരേഷിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് എന്ത് കാരണത്താലാണെങ്കിലും ശിരസാവഹിക്കുന്നുവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച കുമ്മനം ആര്‍.എസ്.എസ് നിര്‍ബന്ധത്തെ തുടര്‍ന്ന് മത്സരിക്കാന്‍ തയ്യാറാവുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ പ്രചരണം നിര്‍ത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്. സുരേഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.