കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പും ഒക്ടോബര്‍ 21ന്

211
മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും തിയതി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

രണ്ടുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും വിവിധ ഉപതിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21 ന് നടക്കും. വോട്ടെണ്ണല്‍ 24 ന്. ഹരിയാണയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ നാല്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴ്.

മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം കൂടാതെ അരുണാചല്‍ പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, അസം, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 59 മണ്ഡലങ്ങളിലും ഒക്ടോബര്‍ 21ന്‌  ഉപതിരഞ്ഞെടുപ്പ് നടക്കും.

90 സീറ്റുകളാണ് ഹരിയാണ നിയമസഭയിലുള്ളത്. 288ആണ് മഹാരാഷ്ട്രാ നിയമസഭയുടെ അംഗബലം.നവംബര്‍ രണ്ടിനാണ് ഹരിയാണാ നിയമഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബര്‍ ഒമ്പതിനും. ഹരിയാണയില്‍ ബി ജെ പി ഒറ്റയ്ക്കും മഹാരാഷ്ട്രയില്‍ ബി ജെ പി-ശിവസേനാ സഖ്യവുമാണ് അധികാരത്തിലുള്ളത്. ഹരിയാണയില്‍ 1.82 കോടി വോട്ടര്‍മാരാണുള്ളത്. മഹാരാഷ്ട്രയില്‍ 8.9 കോടി വോട്ടര്‍മാരുണ്ട്. സ്ഥാനാര്‍ഥികള്‍ പ്രചരണത്തിന് എത്ര പണം ചിലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍നിന്ന് വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലേക്ക് അയക്കുമെന്നും സുനില്‍ അറോറ വ്യക്തമാക്കി.