ബി.ജെ.പിയും ബജ്‌റംഗ് ദളും പാകിസ്ഥാന്റെ പണം കൈപ്പറ്റി;കോൺഗ്രസ് നേതാവ്

276
പ്രതീകാത്മകചിത്രം

ബി.ജെ.പിയും ബജ്‌റംഗ് ദളും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയിൽ നിന്നും പണം കൈപ്പറ്റിയതായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് . ഇക്കാര്യത്തിൽ അന്വേഷണം വേണം. മുസ്‌ലിങ്ങളേക്കാൾ മറ്റ് മതസ്ഥരാണ് പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിൽ വച്ച് മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ താൻ ഇത്തരമൊരു പ്രസ്‌താവന നടത്തിയിട്ടില്ലെന്നും ചില ചാനലുകൾ തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും പിന്നീട് ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചു. ചില ചാനലുകൾ തന്റെ പേരിൽ അവാസ്തകരമായ വാർത്തയാണ് പ്രസിദ്ധീകരിക്കുന്നത്. ബി.ജെ.പിക്കാർ പാകിസ്ഥാനിൽ നിന്നും പണം പറ്റിയെന്ന് താൻ ആരോപിച്ചതായാണ് ചില ചാനലുകൾ വാർ‌ത്ത നൽകിയിരിക്കുന്നത്. ഇത് തെറ്റാണ്. എന്നാൽ മദ്ധ്യപ്രദേശിൽ ഐ.എസ്.ഐയിൽ നിന്നും പണം വാങ്ങിയതിന് ഒരു ബജ്‌റംഗ് ദൾ പ്രവർത്തകനെയും ബി.ജെ.പിക്കാരനെയും പിടികൂടിയതാണ് താൻ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ താൻ ഉറച്ച് നിൽക്കുന്നു. ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തുവന്ന ചൗഹാൻ ദിഗ്‌വിജയ് സിംഗിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സംഘപരിവാറിനും ബി.ജെ.പിക്കും ആരുടെയും കയ്യിലെ രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ത്യാക്കാർക്കും ലോകത്തിന് മുഴുവനും ഇതേക്കുറിച്ച് വ്യക്തമായി അറിയാം. അദ്ദേഹം മനപ്പൂർവമാണ് ഇത്തരത്തിലുള്ള പ്രസ്‌താവനകൾ നടത്തുന്നത്. പാകിസ്ഥാന്റെ ഭാഷയിലാണ് ദിഗ്‌വിജയ് സിംഗിന്റെ സംസാരം.

ഇന്ത്യൻ രഹസ്യങ്ങൾ അടങ്ങിയ രേഖകൾ പാകിസ്ഥാൻ സ്വദേശിക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ മദ്ധ്യപ്രദേശിലെ തീവ്രവാദ വിരുദ്ധ വിഭാഗം പിടികൂടിയിരുന്നു. ഇതിലൊരാൾ ബജ്‌റംഗ് ദൾ പ്രവർത്തകനാണെന്നും 20717ൽ ബി.ജെ.പി ഐ.ടി സെൽ പ്രവർത്തകനുമായി ചേർന്ന് സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.