ഗോകുലം ഗോപാലന്റെ മകന്‍ യുഎഇയില്‍ അറസ്റ്റില്‍

509

ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യുഎഇ ജയിലില്‍. തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്ത് യുഎഇയ്ക്ക് കൈമാറുകയായിരുന്നു. രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി ഇന്ത്യൻ രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി. രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ബൈജു ഗോപാലന്‍ അൽഐൻ ജയിലാണ് ഇപ്പോഴുള്ളത്.

കേസുമായി ബന്ധപ്പെട്ട് യുഎഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ അനധികൃതമായി റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കുകയും മസ്‌കറ്റ് വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് പിടികൂടിയത്. ബൈജുവിന്റെ പാസ് പോര്‍ട്ട് അൽഐന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിടിച്ചുവെച്ചിരിക്കുകയാണ്.ചെക്ക് കേസിന് പുറമെ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അജ്മാനില്‍ അറസ്റ്റിലായിരുന്നു. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലായിരുന്നു അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍. ഏകദേശം 19 കോടി രൂപയുടേതാണ് ചെക്ക്. ഒന്നരദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് അദ്ദേഹം ജാമ്യത്തുക കെട്ടിവെച്ച് ജയില്‍മോചിതനായത്. വ്യവസായി എം.എ യൂസഫലി തുഷാറിന്റെ മോചനത്തിനായി ഇടപെട്ടിരുന്നു. യൂസഫലിയുടെ അഭിഭാഷകനാണ് കോടതിയില്‍ തുഷാറിനായി ഹാജരായത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.