ശ്രീധരൻപിള്ളയുടെ തലയില്‍ തലച്ചോറില്ലെന്ന് വെള്ളാപ്പള്ളി

197

തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന്  എസ്.എന്‍.ഡി.പി യോഗം ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍.

”ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല. പിള്ള കുറച്ചുകൂടി മാന്യമായതും ബുദ്ധിപരമായതുമായ സമീപനം സ്വീകരിക്കണമായിരുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരനും തന്നെ വിളിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് കാര്യങ്ങളറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു”.

കേസില്‍ ഗൂഢാലോചനയില്ലെന്ന് തുഷാര്‍ തന്നെ പറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഗൂഢാലോചന നടത്തിയെന്ന് ശ്രീധരന്‍ പിള്ള എന്തിന് പറഞ്ഞ് നടക്കുന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കരുത്.  അയാള്‍ നല്ലൊരു അഭിഭാഷകനാണ്. പക്ഷേ തലയില്‍ തലച്ചോറില്ലെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ ജയിലിലൊന്നും പോയിട്ടില്ല. സ്‌റ്റേഷനില്‍ തന്നെയായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞതിന് ശേഷം മുഖ്യമന്ത്രി യൂസഫലിയെ വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം യൂസഫലി തന്നെ വിളിച്ച് സംസാരിച്ചിരുന്നു. കേസ് നിലനില്‍ക്കുന്നതല്ലെന്നും തട്ടിപ്പ് പരാതിയാണെന്നും അത് കൊണ്ട് വേവലാതി വേണ്ടെന്നും യൂസഫലി തന്നെ അറിയിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തലയില്‍ നടക്കുന്ന എസ്എന്‍ഡിഡി ട്രസ്റ്റ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.