പാര്‍ട്ടിയില്‍ കാലാനുസൃതമായ മാറ്റം വരുത്തും;കോടിയേരി

148

കാലാനുസൃതമായ മാറ്റം സിപി എമ്മിന്റെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമ രാഷ്ട്രീയത്തിന് പാര്‍ട്ടി അനുകൂലമല്ലെന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തും. ജനങ്ങളോട് വിനയത്തോടെ ഇടപഴകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാവണം. യുവതി പ്രവേശനത്തിന് അനുകൂലമാണെങ്കിലും ഏതെങ്കിലും യുവതികളെ ശബരിമലയില്‍ നിര്‍ബന്ധിച്ച് കയറ്റാന്‍ സിപി.എം ഇല്ലെന്നും കോടിയേരി പറഞ്ഞു. സംഘടന രേഖയ്ക്ക് അംഗീകാരം നല്‍കിയ സംസ്ഥാന കമ്മറ്റിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

മുന്‍പ് ഇല്ലാത്തവിധം ദേശീയ,ആഗോള തലത്തില്‍ വലതുപക്ഷ ശക്തികള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചിരിക്കുകയാണ്. കേരളത്തിലും വലതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിച്ചിട്ടുണ്ട്. വലതുപക്ഷ നിലപാടുകള്‍ എല്ലാ മേഖലയിലും കൊണ്ടുവരാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നത്. വികസനപ്രവര്‍ത്തനങ്ങളില്‍ സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള മുന്നേറ്റം ഉണ്ടായി. ഇനിയുള്ള സമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം. വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് എതിരായ വികാരം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് പ്രതിരോധിക്കണം.

ബഹുജന നേതാക്കന്മാരായി ഓരോ കേഡറിനേയും വളര്‍ത്തിയെടുക്കുക എന്നത് അടിയന്തിര കടമയായി കണ്ടുവേണം മുന്നോട്ടുപോകാന്‍. നേരത്തെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ നേരിട്ടുകൊണ്ടായിരുന്നു. എന്നാല്‍ ഇന്ന് യുഡിഎഫ് മാത്രമല്ല. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രഭരണം ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. ഇത് നേരിടുന്ന തരത്തിലായിരിക്കണം പ്രവര്‍ത്തനം മാറ്റേണ്ടത്.

ബി.ജെ.പിയുടെ ജനവിരുദ്ധ ഭരണത്തെ എതിര്‍ക്കാന്‍ കഴിയാതെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. അവരുടെ നേതാക്കന്മാരെത്തന്നെ ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ചീഫ് വിപ്പ്തന്നെ രാജിവച്ച് പോയ സ്ഥിതി ഉണ്ടായി. അമിത്ഷായുടെ വാഗ്ദാനങ്ങള്‍ക്ക് ശക്തമായ മറുപടി കൊടുത്ത തൃപുരയിലെ സിപിഐ എം എംപി ത്സര്‍ണാ ദാസിനെയാണ് ഇത്തരത്തിലുള്ളവര്‍ മാതൃകയാക്കേണ്ടത്. പതിവില്ലാത്തവിധം കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മതജാതി കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും കേരളത്തില്‍ ശക്തിപ്പെട്ടുവരുന്നു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകള്‍ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.