ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം, ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

218

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്തായിരിക്കും തസ്തിക തീരുമാനിക്കുക.ഈ മാസം ആദ്യമാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫായ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. മുതിര്‍ന്ന് ഐഎഎസ് ഓഫീസര്‍ ശ്രീരാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതായിരുന്നു അപകടത്തിന് ഇടയാക്കിയത്

കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം ആശുപത്രിയില്‍ നിന്നും പോയത്. അപകടത്തില്‍ കൈക്കും നട്ടെല്ലിനും ശ്രീറാം വെങ്കിട്ടരാമന് പരിക്കേറ്റിരുന്നു. നാലാഴ്ചയാണ് ശ്രീറാമിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു.