ശ്രീറാം നല്ല ക്വാളിറ്റിയുള്ള മനുഷ്യൻ,ശ്രീറാമിന്റെ ശരീരത്തിൽ പ്രത്യേക മണമുണ്ടായിരുന്നു, : വെളിപ്പെടുത്തലുമായി വഫ ഫിറോസ്

707

മാദ്ധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ  സുഹൃത്ത് വഫ ഫിറോസ്. ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ശ്രീറാമിന്റെ ദേഹത്ത് ഒരു പ്രത്യേക മണമുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും വഫ ഫിറോസ് പറഞ്ഞു. ഒരു മലയാള വാർത്താ ചാനലുമായുള്ള അഭിമുഖത്തിലാണ് വഫ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കാര്യം താൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും വഫ പറഞ്ഞു. താൻ മോഡലല്ലെന്നും, അത്തരത്തിൽ ചിലർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും വഫ അഭിമുഖത്തിൽ വെളിപ്പെടുത്തി. സംഭവം നടക്കുമ്പോൾ ശ്രീറാം സാധാരണയിലും വേഗത്തിലാണ് വാഹനമോടിച്ചിരുന്നതെന്നും വഫ ഫിറോസ് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ എന്ന മനുഷ്യൻ എത്തരത്തിലുള്ള ആളാണെന്നുള്ള കാര്യത്തിൽ തനിക്കൊരു ഊഹമുണ്ടെന്നും ആ വിശ്വാസത്തിന്റെ ബലത്തിലാണ് താൻ അയാൾക്കൊപ്പം പോയത്. ആദ്യ കാഴ്ചയിൽ തന്നെ അയാൾ നല്ല മനുഷ്യനാണെന്നും നല്ല ക്വാളിറ്റിയുള്ള ആളാണെന്നും തോന്നിയിരുന്നു. വഫ പറഞ്ഞു.

‘രാത്രിയിൽ, നമ്മൾ സാധാരണ ഡ്രൈവ് ചെയ്യുന്നത് പോലെയല്ലല്ലോ ഡ്രൈവ് ചെയ്യുന്നത്. അൽപ്പം സ്പീഡിലായിരിക്കില്ലേ നമ്മൾ വണ്ടി ഓടിക്കുക? ആ ഒരു സ്പീഡ് ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. ഞാൻ സാധാരണ ഓടിക്കുന്നതിനേക്കാൾ സ്പീഡുണ്ടായിരുന്നു. കൊറച്ച് സ്പീഡിൽ തന്നെയായിരുന്നു പുള്ളിക്കാരൻ(ശ്രീറാം) വണ്ടിയോടിച്ചത്. പുള്ളിക്കാരന് അത്രയും കോൺഫിഡൻസ് ഉണ്ടായിക്കാണണം. കൈയിൽ കണ്ട്രോൾ നിക്കും എന്ന് വിചാരിച്ചുകാണണം. വിചാരിച്ചത് പോലെ ബ്രേക്ക് കിട്ടിക്കാണില്ല. അല്ലാതെ ആരും അറിഞ്ഞുകൊണ്ട് ഒരു മനുഷ്യനെ ഇടിച്ചിടില്ലല്ലോ? എന്റെ ബ്രദറോ, എന്റെ പാപ്പായോ, എന്റെ ഭർത്താവോ കുടിക്കാറില്ല. അതുകൊണ്ട് എനിക്ക് കുടിക്കുന്നവരുടെ ആ മണം അറിയില്ല. പിന്നെ, ശ്രീറാമിന് ഒരു മണം ഉണ്ടായിരുന്നു. അതെന്ത് മണമാണെന്ന് റിപ്പോർട്ടുകൾ വേണം തെളിയിക്കാൻ.’ വഫ ഫിറോസ് പറയുന്നു.