സോഷ്യല്‍ മീഡിയ വഴി ചികിത്സാ സഹായത്തിന് കമ്മീഷന്‍; കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

1221

ഫെസ്ബുക്ക് അടക്കം ഓണ്‍ലൈന്‍ വഴി ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസ്സമായി ഫിറോസ് കുന്നം പറമ്പില്‍ എന്ന യുവാവ് സോഷ്യല്‍മീഡിയയിൂടെ പണം സ്വരുപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദോശം വന്നിരിക്കുന്നത്

ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സാ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം എത്തിക്കാനായാണ് സര്‍ക്കാര്‍ തന്നെ വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാവപ്പെട്ട നിരവധി ആളുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കി വരുന്നത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മസുള്ളവര്‍ ധാരാളമുണ്ട്. അവര്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്.

വിദേശത്തുള്ളവർ കറണ്ട് അക്കൗണ്ട്‌ നമ്പർ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്,IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവർ എസ്.ബി.അക്കൗണ്ട് നമ്പർ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നൽകാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോർഡറായും സംഭാവനകൾ നൽകാവുന്നതാണ്.