മുസ്ലിം സമുദായത്തോട് മാപ്പു ചോദിച്ച് പി സി ജോർജ്ജ്

269

മുസ്ലിം വിരുദ്ധ പരാമർശത്തിൽ മുസ്ലിം സമുദായത്തോട് മാപ്പു ചോദിച്ച്  പി സി ജോർജ്ജ്. താൻ ഫോൺ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും തന്റെ സംഭാഷണത്തിലുള്ള കാര്യങ്ങൾ ഇസ്ലാം സമൂഹത്തിലെ ഒരു വിഭാഗം ജനത്തിന് ദുഃഖവും അമർഷവും ഉണ്ടാക്കിയ സാഹചര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും  പി സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു ദിവസങ്ങൾക്കു മുമ്പ് മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്ന പി സി ജോർജ്ജിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി സി ജോർജ്ജിന്റെ വീട്ടിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് ചെയ്യുകയും വീടിന്റെ പഠിപ്പുരയുടെ ഓട് തകർക്കുകയും ചെയ്തിരുന്നു.

കൂടാതെ പി സി ജോർജ്ജ് എംഎൽഎ സംഘടിപ്പിക്കുന്ന പരിപാടിയിൽ നടൻ ആസിഫലി പങ്കെടുക്കുമെന്ന വിവരം പുറത്തുവന്നതോടെ പൂഞ്ഞാർ നിവാസികൾ ആസിഫലിയുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധവുമായെത്തിയിരുന്നു.

ഒരു നാടിന്റെ വികാരം മനസിലാക്കി വർഗ്ഗീയവാദിയായ ഒരാൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്നും ഒരിക്കൽ തീവ്രവാദിയുമായി വേദി പങ്കിടേണ്ടിവന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ആസിഫലി പങ്കുവെച്ച മാർക്കോണി മത്തായി എന്ന സിനിമയുടെ പോസ്റ്ററിനു ചുവട്ടിലായിരുന്നു പ്രതിഷേധം.