കൊച്ചിയിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് തന്നെ; സ്ഥിതീകരിച്ച് ആരോഗ്യമന്ത്രി

156

കൊച്ചിയിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ.

പൂനെ വൈരോളജി ലാബിലെ പരിശോധനാ ഫലത്തിലാണ് വിദ്യാര്‍ത്ഥിയ്ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.രോഗിയുമായി ബന്ധം പുലര്‍ത്തിയവരും രോഗിയെ പരിചരിച്ച നഴ്‌സുമാരും പ്രത്യേക നിരീക്ഷണത്തിലാണ്.

ആദ്യം മണിപ്പാലിലെയും, ആലപ്പുഴ വൈറോളജി ലാബിലെയും പരിശോധനകളില്‍ നിപ വൈറസിനോട് സാമ്യമുളള വൈറസ് എന്ന സൂചനകള്‍ മാത്രമാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്.

ഈ സംശയത്തെ തുടര്‍ന്നാണ് പുനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രോഗബാധ സംശയിക്കുന്ന യുവാവിന്റെ സ്രവങ്ങള്‍ അയച്ചു കൊടുത്തത്. പുനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് യുവാവിന് നിപ തന്നെയെന്ന് സ്ഥിതീകരിച്ചത്.

രോഗിയുമായി അടുത്ത് ഇടപഴകിയ ഒരു സുഹൃത്തിനും മറ്റൊരാള്‍ക്കും ആദ്യഘട്ടത്തില്‍ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും പനിയും തൊണ്ട വേദനയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് സംശയകരമായി പനി അനുഭവപ്പെടുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.