ബിജെപി അനുഭാവികളുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ 9 വയസുകാരന്‍ മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് രക്ഷിതാക്കള്‍

262

9 വയസുകാരന്‍ ചികിത്സാപിഴവ് മൂലം മരിച്ചെന്ന പരാതി അധിക്യതര്‍ അവഗണിക്കുന്നതായിരക്ഷിതാക്കള്‍. വയറില്‍ മുറിവേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങളിലെ പരിക്ക് ബിജെപി അനുഭാവികളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവഗണിച്ചെന്നാണ് പരാതി.

ആറ്റുകാല്‍ സ്വദേശി ഷിബു പ്രകാശിന്റെയും സബിതയുടേയും ഏക മകനായ അനന്തു കൃഷ്ണനാണ് മരിച്ചത്. മെയ് 8ന് സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ അനന്തുവിനെതിരുവനന്തപുരം ആറ്റുകാല്‍ ദേവി മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സൈക്കിള്‍ ഹാന്‍ഡില്‍ വയറില്‍ തുളച്ച് കയറി ആഴത്തിലുള്ള മുറിവായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ കൂടുതല്‍ പരിശോധനയ്ക്ക് നില്‍ക്കാതെ തുന്നലിട്ട് കുട്ടിയെ വീട്ടിലേക്കയച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പിറ്റേന്ന് അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തിട്ടും ഗുരുത പ്രശ്‌നങ്ങളില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. എന്നാല്‍ 48 മണിക്കൂറിന് ശേഷം കുട്ടി അവശതകള്‍ കാണിച്ച് തുടങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കി മറ്റൊരാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെവച്ച് കുടലില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഷിബു. കുട്ടിയുടെ അടിയന്തര ശസ്ത്രക്രിയക്ക് 2 ലക്ഷം രൂപയോളം ചെലവാണ് ഷിബുവിനുണ്ടായത്. സംഭവത്തില്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആശുപത്രി മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.