20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കും

292

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് കെ.പി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . യു.ഡി.എഫ് നേതൃയോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി പ്രത്യേക സമിതിക്ക് രൂപം നൽകിയതായും അദ്ദേഹം അറിയിച്ചു.

ഇരുപത് സീറ്റുകളിലും മികച്ച രീതിയിൽ യു.ഡി.എഫ്-കോൺഗ്രസ് സംവിധാനം പ്രവർത്തിച്ചെന്നും പ്രവർത്തകരുടെ സഹകരണത്തെക്കുറിച്ച് എവിടെ നിന്നും പരാതി ഉയർന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ ഇക്കുറി കൃത്യമായി യു.ഡി.എഫിലേക്കും കോൺഗ്രസിലേക്കും കേന്ദ്രീകരിച്ചു. പരമ്പരാഗത വോട്ടുകളെല്ലാം യു.ഡി.എഫിന് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിൽ മോദി സർക്കാരിനും സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരിനുമെതിരെ ജനവികാരം ശക്തമായിരുന്നു. കോൺഗ്രസിന് എതിരായ ഒരു അടിയൊഴുക്കും ഒരു മണ്ഡലത്തിലും ഇത്തവണ ഉണ്ടായിട്ടില്ല. വോട്ടർപട്ടികയിൽ നടന്ന തിരിമറികൾക്കെതിരെ യു.ഡി.എഫ് പോരാട്ടം തുടരുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.