കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

606

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ തുടയന്നൂര്‍ കുതിരപ്പാലത്ത് ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. കുതിരപ്പാലം കിഴക്കേ പൊന്നം കോട്ടുവീട്ടില്‍ പരേതനായ കോലപ്പന്‍ പിള്ളയുടെ മകന്‍ രാധാകൃഷ്ണപിള്ള (കമലന്‍54)യാണ് മരിച്ചത്.ബി എം എസ് യൂണിയണിലെ തൊഴിലാളിയായിരുന്നു

ഞായറാഴ്ച രാത്രി ഏഴിന് വീടിന് സമീപമായിരുന്നു സംഭവം. ലോഡിങ് തൊഴിലാളിയാണ്. ഞായറാഴ്ച കാട്ടാമ്പള്ളി ശിശുമന്ദിരത്തിനടുത്ത് ജോലിക്കിടയില്‍ ചിലരുമായി വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. സന്ധ്യയ്ക്ക് വീട്ടിലെത്തിയശേഷം വീണ്ടും പുറത്തേക്കുപോയതാണ്. വീടിന് സമീപംവച്ച് ചിലരുമായി തര്‍ക്കമുണ്ടാവുകയും കുത്തേല്‍ക്കുകയുമായിരുന്നു.

ബഹളത്തിനിടയില്‍ തടസ്സംപിടിക്കാനെത്തിയ ഭാര്യ പുഷ്പ(45)യ്ക്ക് കൈയില്‍ കുത്തേറ്റു. വയറില്‍ കുത്തേറ്റ രാധാകൃഷ്ണപിള്ളയെ വാഹനം ലഭിക്കാന്‍ താമസിച്ചതിനെത്തുടര്‍ന്ന് ഏറെ കഴിഞ്ഞാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.

സാരമായി പരിക്കേറ്റ പുഷ്പയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ബി.ജെ.പി.യുടെ സജീവ പ്രവര്‍ത്തകനായിരുന്നു രാധാകൃഷ്ണപിള്ള. ആര്‍ എസ് എസ് മുഖ്യ ശിക്ഷകായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ശിവരാത്രിനാളില്‍ കുതിരപ്പാലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേഖലയില്‍ ഏറെനാള്‍ സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നു. പ്രതികള്‍ക്കും ബിജെപി അനുഭാവം ഉള്ളതായ സൂചനയും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ രാഷ്ടീയ കൊലപാതമായി ബിജെപി സംഭവത്തെ ഉയര്‍ത്തിക്കൊണ്ട് വന്നിട്ടില്ല.വിദ്യാര്‍ഥികളായ കണ്ണന്‍, പൊന്നു എന്നിവരാണ് രാധാകൃഷ്ണ പിള്ളയുടെ മക്കള്‍