അറബി മാന്ത്രിക ചികിത്സ: യുവതിയെ പീഡിപ്പിച്ച സിദ്ധൻ അറസ്റ്റിൽ

212

അറബി മാന്ത്രികചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച  സിദ്ധൻഅറസ്റ്റിലായി. ചുങ്കത്തറ പൂക്കോട്ടുമണ്ണ കപ്പച്ചാലി സുനീർ (35) ആണ് അറസ്റ്റിലായത്. മുണ്ടേരി സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്.

മന്ത്രവാദചികിത്സയ്ക്കായി ആളുകളെ ഏർവാടി തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ഇയാൾ കൊണ്ടുപോയിരുന്നു. ചികിത്സയുടെ മറവിലാണ് യുവതിയെ പീഡിപ്പിച്ചത്. 2017-ൽ മുണ്ടേരിയിലെ യുവതിയുടെ വീട്ടിൽ വെച്ചും 2018-ൽ ഏർവാടിയിൽ വെച്ചും പലതവണ പീഡിപ്പിച്ചതായാണ് പരാതി. ചികിത്സയ്ക്കായി പണവും ആഭരണങ്ങളും തട്ടിയെടുത്തുവെങ്കിലും യുവതി തന്ത്രപൂർവം ഇത് തിരികെ വാങ്ങിയതായി പോലീസ് പറയുന്നു.

അഞ്ചിലേറെ യുവതികൾ ചികിത്സയുടെ മറവിൽ പീഡിപ്പിക്കപ്പെട്ടതായി പോലീസ് പറയുന്നു. എന്നാൽ മാനഹാനി ഭയന്ന് ഇവരിലാരും പരാതിയുമായി എത്തിയിട്ടില്ല. കുട്ടികൾ ഉണ്ടാകാത്തവർക്കായും ഇയാൾ ചികിത്സ നടത്തിയിരുന്നു.

കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും നിരവധിപേർ ഇയാളുടെ തട്ടിപ്പിനും പീഡനങ്ങൾക്കുമിരയായിട്ടുണ്ട്. പോത്തുകൽ, കോടാലിപ്പൊയിൽ, ആനപ്പാറ എന്നിവിടങ്ങളിൽ മദ്രസാ അധ്യാപകനായി ഇയാൾ പ്രവർത്തിച്ചിരുന്നു. പിന്നീട് കുറെനാൾ വിദേശത്തായിരുന്നു. വിദേശത്തു നിന്നെത്തിയ ശേഷം മേഖലയിൽ വാഹനത്തിൽ മരച്ചീനിക്കച്ചവടവും നടത്തി. തുടർന്നാണ് ഏർവാടി അറബി മാന്ത്രിക ചികിത്സകനാകുന്നത്.

മൂന്നു വർഷത്തിലധികമായി ഇയാൾ ചികിത്സ ആരംഭിച്ചിട്ട്. മുനീർ മന്നാനി, കറാമത്ത് ഉസ്താദ് എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. പോത്തുകൽ എസ്.ഐ. പി. മാത്യു, സീനിയർ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒമാരായ അർഷാദ്, സക്കീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

rape through fake treatment