മുസ്‌ലിം പള്ളികളിലെ വനിതാ പ്രവേശനം: ഹര്‍ജി സുപ്രിം കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും

217

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിപ്പിക്കുന്നത് വിലക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണമെന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനമാണ് വിലക്ക് എന്നും ഹര്‍ജിക്കാര്‍.പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേപള്ളി ഇമാമിന് കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല എന്ന് പരാതി. പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു എങ്കിലും സഹായം ലഭിച്ചില്ല എന്നും ഹര്‍ജിക്കാര്‍. കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ മറ്റ് ആറ് എതിര്‍ കക്ഷികളും ഉണ്ട്