കെ.എം. മാണി അന്തരിച്ചു

185

കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശേഷം ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയെന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം. ഭാര്യ: കുട്ടിയമ്മ. മക്കൾ: ജോസ് കെ.മാണി, എൽസമ്മ, ആനി, സ്മിത, ടെസ്സി, സാലി.

രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് വീണ്ടും ഗുരുതരാവസ്ഥയിലായത്. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും പാടെ കുറഞ്ഞു. ഞായറാഴ്ചയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനകാര്യ മന്ത്രിയായും നിയമസഭാ സാമാജികനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അഭിഭാഷകനും കൂടിയായ മാണി നിരവധി കൃതികളും രചിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം, എറ്റവും കൂടുതല്‍കാലം എംഎല്‍എ, കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം, ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, കൂടുതല്‍ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്തയാള്‍ തുടങ്ങിയ റെക്കോര്‍ഡുകളും മാണിയുടെ പേരിലുണ്ട്. 1964-ല്‍ പാലാ മണ്ഡലം രൂപീകരിച്ച് മുതല്‍ അവിടുത്തെ എംഎല്‍എയാണ് അദ്ദേഹം. ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച വ്യക്തിയും കൂടിയാണ് മാണി.