മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി

254

നടൻ മോഹൻലാൽ അനധികൃതമായി ആനക്കൊമ്പുകൾ  കൈവശം വച്ച കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി വനംവകുപ്പിന്‍റെ വിശദീകരണം തേടി. ആനക്കൊമ്പുകൾ കൈവശം വച്ചതിനു കേസ് രജിസ്റ്റർ ചെയ്തശേഷം കാലങ്ങൾ കഴിഞ്ഞ് നാല് ആനക്കൊമ്പുകളുടെയും  ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിക്കൊണ്ടുള്ള പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസാണ് ഹർജി നൽകിയിരിക്കുന്നത്.

2012ൽ മോഹൻലാലിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, ഫലപ്രദമായി അന്വേഷണം നടത്താതെ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം 2016 ജനുവരി16ന് മോഹൻലാലിന് നൽകിയത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കാനാവില്ലെന്നിരിക്കെ വനംവകുപ്പിന്‍റെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.