തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്‍ മരിച്ചു

191

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന ഏഴൂ വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച രാവിലെ 11.35 ഓടെയാണ് കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും തൊടുപുഴയില്‍ നിന്ന് പോലീസ് എത്തിയ ശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൈമാറുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കുക.

ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ കുട്ടി അബോധാവസ്ഥയില്‍ ആയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇതുവരെ ജീവന്‍ പിടിച്ചുനിര്‍ത്തിയിരുന്നത്. ഇന്നു രാവിലെ 11.30ന് ഹൃദയമിടിപ്പ് നിലച്ചു. 11.35ന് മരണം സ്ഥിരീകരിച്ചു. ഇന്നലെ മുതല്‍ കുടലിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഭക്ഷണം നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇന്നു രാവിലെ മുതല്‍ ഹൃദയമിടിപ്പും പള്‍സ് നിലയും താഴ്ന്നിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രൂരമായ ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന് തലച്ചോര്‍ തകര്‍ന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു.