കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു

238

സോളാര്‍ കേസില്‍ കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയേ തുടര്‍ന്നാണ് നടപടി.

സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടീം സോളാര്‍ കമ്പനിയുടെ തട്ടിപ്പിന്റെ പിന്നാലെയാണ് അടുത്ത കേസ്. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

സോളാര്‍ തട്ടിപ്പിനെ തുടര്‍ന്ന് യുവതി 2013 ല്‍ പോലീസ് പിടിയിലായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു സോളാര്‍ അഴിമതി വിവാദം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ ഒടുവിലാണ് ക്രൈംബ്രാഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്നു അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലേക്ക് ഹൈബി ഈഡനേയും ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് അടൂര്‍ പ്രകാശിനെയും പരിഗണിച്ചിരുന്നു.