ഇന്ത്യ കെട്ടുകഥ മെനയുകയാണെന്ന് പാകിസ്താന്‍ .ആരും കൊല്ലപ്പെട്ടിട്ടുമില്ല.

2594

പാകിസ്താനിലെ ബാലാകോട്ട് ഭീകര താവളത്തില്‍ ആക്രമണം നടത്തിയതായ ഇന്ത്യയുടെ വാദം തള്ളിക്കളഞ്ഞ് പാകിസ്താന്‍. നിരവധി ഭീകരര്‍ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നു. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നാണ് പാകിസ്ഥാന്‍ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. ഇന്ത്യയുടേത് അവകാശവാദം മാത്രമാണ്. പാകിസ്താനില്‍ ആരും മരിച്ചിട്ടില്ല. ഇന്ത്യ കെട്ടുകഥ മെനയുകയാണെന്നുമാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറയുന്നത്.

അതേസമയം, ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തി കടന്നതായി സമ്മതിക്കുന്നുണ്ട്. ഇന്ത്യയുടേത് ന്യായീകരണമില്ലാത്ത നടപടിയാണെന്നും ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നും പാകിസ്താന്‍ ഇന്റര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ‘മുസാഫറാബാദ് സെക്ടറില്‍ ഇന്ത്യന്‍ എയര്‍ക്രാഫ്ട് കടന്നുകയറി. ഉചിതമായ സമയത്ത് തക്കതായ തിരിച്ചടി പാകിസ്താന്‍ വ്യോമസേന നല്‍കും. ഇന്ത്യയുടെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും തിരിച്ചുപോകുന്നതിനിടെ സ്‌ഫോടന വസ്തുക്കള്‍ ഉപേക്ഷിച്ചുപോവുകയായിരുന്നുവെന്നും മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. അതേസമയം, ഉചിതമായ നടപടിക്ക് പാക് വ്യോമസേനയെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ നിരപരാധികളെ ഇന്ത്യ ഉപദ്രവിക്കുകയാണെന്ന ആരോപണവും പാക് വിദേശകാര്യ മന്ത്രി നടത്തിയിട്ടുണ്ട്. തങ്ങളുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണിത് വ്യോമസേന ആക്രമണത്തിന്റെ മറവില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തന്ത്രമാണ് ഇദ്ദേഹം നടത്തുന്നത്.

ഇന്ത്യയുടെ വ്യോമാക്രമണത്തിനു പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ദേശീയ സുരക്ഷ സമിതി ചേര്‍ന്നിരുന്നു. വിദേശം, പ്രതിരോധം, ധനകാര്യ വകുപ്പ് മന്ത്രിമാരും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍, സിഒഎഎസ്, സി.എന്‍.എസ്, സി.എ.എസ്, സിവില്‍, മിലിറ്ററി ഉന്നതരും യോഗത്തില്‍ പങ്കെടുത്തിരുന്നു. നാളെ സംയുക്ത പാര്‍ലമെന്ററി സമ്മേളനവും വിളിച്ചിട്ടുണ്ട്‌