യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. അവസാനിപ്പിക്കന്‍ വളരെ ബുദ്ധിമുട്ടും.ഇന്ത്യക്ക് മറുപടിയുമായി ഇമ്രാന്‍ ഖാന്‍

424

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്ന്  പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ആരോപണങ്ങള്‍ തെളിവുകള്‍ ഇല്ലാതെയാണെന്ന് പാകിസ്താന്‍ ടെലിവിഷനിലൂടെ അദ്ദേഹം  നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്താനില്‍ നിന്നൂം ആരും അക്രമം പടര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ താല്‍പര്യമാണ്. പാകിസ്താനില്‍ നിന്നുള്ള ആരെങ്കിലും ആക്രമണത്തിന് പിന്നിലുണ്ടെന്നതിന് തെളിവുകള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് പറയുന്നു. തെളിവുകളില്ലാതെയാണ് ഇന്ത്യ ആരോപണം ഉന്നയിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് പാകിസ്താന്‍ എന്ത് നേടി? മേഖലയില്‍ സുസ്ഥിരത മാത്രമാണ് പാകിസ്താന്‍ താല്‍പര്യപ്പെടുന്നത്.

പുല്‍വാമയുടെ പേരില്‍ പാകിസ്താനെ ആക്രമിക്കാമെന്നോ തങ്ങള്‍ തിരിച്ചടിക്കില്ലെന്നോ ആണ് ഇന്ത്യ കരുതുന്നതെങ്കില്‍ തെറ്റി. തങ്ങള്‍ ശക്തമായി തിരിച്ചടിക്കും. മനുഷ്യരാണ് യുദ്ധത്തിന് തുടക്കം കുറിക്കുന്നതെങ്കിലും പിന്നീട് എവിടെചെന്ന് അവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ നിശ്ചയമുള്ളു. അതുകൊണ്ട് ഈ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്താന്റെ പങ്കിനെ കുറിച്ച് തെളിവുകള്‍ നല്‍കിയാല്‍ തീര്‍ച്ചയായും അക്കാര്യത്തില്‍ അന്വേഷണം നടക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. തങ്ങളും ഭീകരാക്രമണത്തിന്റെ ഇരകളാണ്. യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ അവസാനിപ്പിക്കന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.