മണിയുടെ മരണം: നുണ പരിശോധനയ്ക്ക് കോടതി അനുമതി

250

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധനയ്ക്ക് എറണാകുളം സി.ജെ.എം കോടതിയുടെ അനുമതി. നടന്‍മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരടക്കം ഏഴ് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുക. സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവ്.

കലാഭവന്‍ മണിയുടെ മരണത്തിന് തൊട്ടുതലേന്ന് ഒപ്പമുണ്ടായിരുന്നവരാണ് ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുള്ളവര്‍. ഈ സാഹചര്യത്തിലാണ് ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടത്. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. കൂടാതെ ഫോസന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.