ദളവാക്കുളത്തിലെ അരുംകൊലകൾ

  1677

  ഇരുനൂറു വർഷം മുൻപ് വൈക്കത്തെ അവർണ്ണജനത തങ്ങളുടെ കൈവിട്ടു പോയ ആരാധനാലയം തിരികെ പിടിക്കാൻ നടത്തിയ വിഫലശ്രമത്തിന്റെ വേദനിക്കുന്ന സ്മരണകളാണ് ‘ദളവാക്കുളത്തിന്റെ ചരിത്രം.തിരുവിതാംകൂർ ദളവാ അഥവാ ദിവാൻ ആയിരുന്ന വേലുത്തമ്പി’യുടെ പേരുമായി ബന്ധപ്പെട്ടാണീ സ്ഥലപ്പേരു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജാതിക്കും തീണ്ടലിനുമെതിരേ സമരം നടത്തി വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ച് വീരമൃത്യു വരിച്ചവരെ  ജീവനോടെയും  അല്ലാതെയും കുഴിച്ച് മൂടിയ  സ്ഥലമാണ് ദളവാക്കുളം. 1806-ലെ ദളവാക്കുളം കൂട്ടക്കൊല നടന്നത്. 1924-25 കാലത്തെ വൈക്കം സത്യാഗ്രഹത്തിലേക്കു നയിച്ച ചരിത്ര സംഭവങ്ങളിൽ ഏറ്റവും നിർണായകമായ ദളവാക്കുളം  വെട്ടിക്കൊലയെ കുറിച്ച് പുതിയതലമുറ മറന്നു പോയിരിക്കുന്നു. മാധ്യമങ്ങളുടേയും അക്കാദമികളുടേയും മൗനവും ചരിത്ര തമസ്കരണത്തിന് ആക്കം കൂട്ടുന്നു.

  കേരളത്തിലെ ഈഴവ സമുദായം ഒരു കാലത്ത് ബുദ്ധമതക്കാരായിരുന്നു എന്നാണ് ചരിത്രം. ബുദ്ധമതക്കാരെന്ന നിലയിൽ ഒരു കാലത്ത് തങ്ങളുടേതായിരുന്ന  ആരാധനാലയത്തിലെ തങ്ങളുടെ അവകാശം പുന:സ്ഥാപിക്കാനുള്ള യത്നമായിരിക്കാം അവിടെ നടന്നത്. വൈക്കം ക്ഷേത്രം സ്ഥാപിച്ച് കുറഞ്ഞത് ആറു തലമുറയെങ്കിലും കഴിഞ്ഞതിനു ശേഷമാണ് ദളവാക്കുളം സംഭവമുണ്ടാകുന്നത്.  ഇടയ്ക്ക് ആ ആരാധനാലയം തങ്ങളുടേതാണ് എന്ന് ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളും സംഭവവികാസങ്ങളും ഉണ്ടായിരുന്നില്ലെങ്കിൽ 1806-ലെ തലമുറ അതൊന്നും അറിയുകപോലും ചെയ്യുമായിരുന്നില്ല.  അതിനർത്ഥം അതിനു മുമ്പുതന്നെ കാലാകാലങ്ങളിൽ തങ്ങളുടെ ആരാധനാലയം തിരികെ പിടിച്ചെടുക്കുവാൻ അതിന്റെ യഥാർത്ഥ ഉടമസ്ഥർ ശ്രമം നടത്തി പരാജയപ്പെട്ടിരിക്കാം. അതിനു ശേഷമാണ് 1806-ലെ ദളവാക്കുളം സംഭവത്തിൽ കലാശിച്ചത്.

  വൈക്കത്തെ പ്രബുദ്ധധീരരായ അവർണർ തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും തിരിച്ചുപിടിക്കാനായി തങ്ങളുടെ ബൗദ്ധപാരമ്പര്യമായ അഹിംസയിലും നൈതികതയിലും ഊന്നിത്തന്നെ ഒരു പൊതു സമരം നടത്തി. വൈക്കം വടക്കു ,കിഴക്കുഭാഗത്തുള്ള ഈഴവ യുവാക്കൾ ഒന്നു ചേർന്ന് ഒരു പരസ്യ പ്രഖ്യാപനം നടത്തി. തങ്ങളുടേതായ ആരാധനാലയത്തിലേയ്ക്ക് ആരാധനയ്ക്കായി ഒരു ദിവസംഅവർ ഒരുമിച്ചു പോകുന്നു എന്നതായിരുന്നു ആ പരസ്യപ്രഖ്യാപനം.അധികം താമസിക്കാതെ ഈ വാർത്ത തിരുവിതാംകൂർ തലസ്ഥാനമായ തിരുവനന്തപുരത്തും എത്തി.

  വൈക്കം പത്മനാഭപിള്ള അതു തന്റെ തമ്പുരാനും മച്ചമ്പിയുമായ ‘വേലുത്തമ്പി’യുടെ ചെവിയിലുമെത്തിച്ചു. ലഹളക്കാരനായി വന്നു ദളവയായി തിരുവിതാംകൂറിലെ സേനയിലെ അവർണരെ മുഴുവനായി പിരിച്ചുവിടുകയും ചെയ്ത അവസരവാദിയും അധികാരക്കൊതിയനുമായിരുന്നു നാഗർകോവിലിൽ നിന്നുള്ള വേലുത്തമ്പി . (1765-1809). തികഞ്ഞ ഇടപ്രഭുവും വർണാശ്രമത്തിലെ “നല്ല”ശൂദ്രനും അതിനാൽ അവർണ മർദകനുമായിരുന്ന വേലുത്തമ്പി തന്റെ വീറും ആണത്തവും ഉയർത്തിക്കാട്ടാനുള്ള അവസരമായി വൈക്കത്തെ അവർണരുടെ സമരത്തെ കാണുകയും വർണാശ്രമധർമമെന്ന സനാതന ഹിന്ദുമതത്തേയും അതിന്റെ പരമപൗരോഹിത്യമായ ബ്രാഹ്മണിക ആൺകോയ്മയേയും വെല്ലുവിളിക്കുന്ന ഈഴവ യുവാക്കളെ ഒരു പാഠം പഠിപ്പിക്കാനുള്ള നിശിതമായ ഉത്തരവു തന്റെ കിരാത കിങ്കരന്മാരായ വൈക്കം പപ്പനാവ പിള്ളയ്ക്കും, കുഞ്ഞുകുട്ടി പിള്ളയ്ക്കും, അവർണരുടെ തല നോക്കി പറന്നു വെട്ടുന്ന കുതിരപ്പക്കിയ്ക്കും വിട്ടുകൊടുത്തു.

  1806 ലെ മുൻകൂട്ടി പ്രഖ്യാപിച്ച ദിവസം അമ്പലത്തിനു കിഴക്കുവശത്ത് ഒത്തുചേർന്ന ഈഴവ യുവാക്കൾ കിഴക്കേനടയിലേയ്ക്ക് നടന്നു വന്നു. പൂർണമായും നിരായുധരായും സമാധാനപരവുമായിരുന്നു അവരുടെ വരവ്.തങ്ങളുടേതായ കാവിലേക്ക് ആരാധനയ്ക്കായി പ്രവേശിക്കുവാൻ വേണ്ടിയാണവർ വന്നതെന്ന് പഴമക്കാർ ഒാർക്കുന്നു. തികച്ചും ന്യായവും മനുഷ്യാവകാശ പരവും സഞ്ചാരസ്വാതന്ത്ര്യത്തേയും ആരാധനാ സ്വാതന്ത്ര്യത്തേയും ഉയർത്തിപ്പിടിച്ചതുമായ ഈ പൊതു സമരത്തിൽ അണിചേർന്ന എല്ലാ ഈഴവ യുവാക്കളേയും വൈക്കം പത്മനാഭപിള്ളയുടേയും കുഞ്ഞുകുട്ടി പിള്ളയുടേയും നേതൃത്വത്തിലുള്ള നായർപ്പട വൈക്കം കിഴക്കേനടയിലിട്ട് നിഷ്കരുണം വെട്ടിത്തളളി അരുംകൊല ചെയ്തു.

  അപ്രതീക്ഷിതമായ ഈ അരുംകൊലയിൽ വെട്ടുകൊണ്ടോടിയവരെ കുതിരപക്കിയും ഇതര പടനായകന്മാരും പുറകേ പോയി വെട്ടിവീഴ്ത്തിയെന്നാണ് പറയപ്പെടുന്നത്. അന്ന് ക്ഷേത്രത്തിൽ വന്നവരെ മാത്രമല്ല, വീടുകളിൽ ഉണ്ടായിരുന്നവരെക്കൂടി വൈക്കം പത്മനാഭപിള്ളയുടെ സൈന്യം വേട്ടയാടി.

  ക്ഷേത്രത്തിലെ സംഭവം കഴിഞ്ഞ് പിന്നെയും ആ സൈന്യം വൈക്കം വടക്കൻ പ്രദേശങ്ങളിൽ അഴഞ്ഞാടി. അതെല്ലാം കഴിഞ്ഞതിനു ശേഷമാണ് തങ്ങൾ വധിച്ചവരുടെ ശവം മറവു ചെയ്യുവാൻ സൈന്യം തയ്യാറായത്. അയിത്തക്കാരുടെ ചീഞ്ഞളിഞ്ഞ ശവം ചുമക്കുക എന്നതും പ്രശ്നമാണ്. തങ്ങൾ വെട്ടിക്കൊന്ന അവർണരുടെ മൃതദേഹങ്ങളേയും അപമാനിച്ചുകൊണ്ട് “നല്ലവരായ”ശൂദ്രന്മാർ ശവത്തിൽ കുത്തുന്ന കുപ്രസിദ്ധമായ ആ എളുപ്പപ്പണി ചെയ്തു . വർണാശ്രമ ധർമ്മമെന്ന സനാതന ഹിന്ദുമതത്തോടും അതിന്റെ കാതലായ ബ്രാഹ്മണ പൗരോഹിത്യ ആൺകോയ്മയോടുമുള്ള കൂറും ആജന്മദാസ്യവും കാട്ടി ചരിതാർഥരായി.വെട്ടു കൊണ്ടു മരിച്ച മുഴുവൻ അവർണ ഇരകളുടെയും ശവശരീരങ്ങൾ തോണ്ടി തൊട്ടടുത്തുള്ള കുളത്തിലിട്ട് ചവിട്ടിയമർത്തി. ‘വേലുത്തമ്പിദളവ’നേരിട്ടു വന്നു നിന്നാണ് ശവശരീരങ്ങൾ ആകുളത്തിൽ ഇട്ടു മൂടിച്ചത്.  അതു കൊണ്ടാണ് അതിന് ദളവാക്കുളം എന്ന പേരുണ്ടായത്. അത്രയേറെ പ്രസിദ്ധനും പ്രഗത്ഭനും സ്വേച്ഛാധിപതിയും ഏകാധിപതിയുമെല്ലാമായിരുന്നു വേലുത്തമ്പി ദളവ.

  അവർണരുടെ ചെവിയും മൂക്കും മുറിക്കുക എന്നതായിരുന്നു വേലുത്തമ്പിയുടെ മറ്റൊരു ക്രൂരവിനോദം. അത് തമ്പിയുടെ ഭരണത്തിന്റെ മറ്റൊരു മുഖമുദ്ര.തമ്പിയുടെ അനിഷ്ടത്തിന് പാത്രമായവൻ എന്ന അറിവ് ആളെ കാണുന്ന മാത്രയിൽ മനസ്സിലാക്കാനുള്ള അടയാളമാണത്. അധികാരം പിടിച്ചടക്കിയ ശേഷം ആദ്യം തച്ചിൽ മാത്തൂതരകന്റെയും ശങ്കരനാരായണൻ ചെട്ടിയുടെയും  വേലുത്തമ്പി ചെവി ഛേദിച്ചു. അന്നത്തെ രാജാവ് ബാലരാമവർമ്മ മാത്തൂ തരകന് പ്രായഛിത്തമായി സ്വർണ്ണം കൊണ്ട് രണ്ട് ചെവി സമ്മാനിച്ചു എന്ന് 1817ൽ വർക്കല കൃഷ്ണൻ ചെമ്പകരാമൻ എഴുതിയ വാര്യോലയിൽ കാണുന്നുണ്ട്.

  കടപ്പാട് :-
  1.
  സോ.അജയ് ശേഖർ
  2.
  ദലിത്ബന്ധു
  3.*
  ജി. പ്രിയദർശനൻ

  4 . ശ്രീ.എന്‍.കെ.ജോസിന്റെ ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരുംഎന്ന പുസ്തകം