മലചവിട്ടാന്‍ വ്രതമെടുത്ത കുട്ടിയെ മര്‍ദ്ദിച്ചു, അദ്ധ്യാപകനെതിരെ പ്രതിഷേധം

428

ശബരിമല തീര്‍ത്ഥാടനത്തിനായി മാലയിട്ട് വ്രതം അനുഷ്ഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെ ചെരുപ്പ് ധരിക്കാത്തതിന്റെ പേരില്‍ പ്രധാന അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. തമിഴ്നാട്ടിലെ രാമേശ്വരത്തെ സ്വകാര്യ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി. അദ്ധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ജോലിയില്‍ നിന്നും പുറത്താക്കണമെന്നുമാണ് ഇവരുടെ ആവശ്യം. മര്‍ദ്ദനമേറ്റ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവും വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.ഇരുകൂട്ടരുമായും പൊലീസും സ്‌കൂള്‍ അധികൃതരും ചര്‍ച്ച നടത്തിയെങ്കിലും തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ഒരു വിഭാഗം അദ്ധ്യാപകരും നാട്ടുകാരും പ്രധാന അദ്ധ്യാപകന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, പാദരക്ഷയില്ലാതെ സ്‌കൂളില്‍ പ്രവേശിക്കാന്‍ സ്കൂള്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും അതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നുമാണ് പ്രധാന അദ്ധ്യാപകന്റെ വാദം. താന്‍ സ്‌കൂള്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറയുന്നു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്നും കുറ്റക്കാരനാണെന്ന് കണ്ടാല്‍ അദ്ധ്യാപകനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.