കേരളത്തിന് കേന്ദ്രത്തിന്റെ പണി വീണ്ടും ; കേന്ദ്രം നല്‍കുന്ന അരി സൗജന്യമല്ല.വിവാദമായതോടെ ഉത്തരവ് തിരുത്തി

1372

പ്രളയക്കെടുതിയില്‍അകപ്പെട്ടിരിക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത് സൗജന്യ അരിയല്ല.കേരളത്തിന് സൗജന്യ അരിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അരി സൗജന്യമായി നല്‍കാനാവില്ലെന്നും കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് വിലയായി 233 കോടി രൂപ നല്‍കണം.തത്ക്കാലം പണം ഉടന്‍ നല്‍കേണ്ടതില്ല എന്ന ആശ്വാസം മാത്രം. തുക നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദുരിതാശ്വാസമായി അനുവദിച്ച ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രത ഫണ്ടില്‍ നിന്നോ പണം തിരിച്ചുപിടിക്കും. ഒന്നേകാല്‍ ലക്ഷം മെട്രിക് ടണ്‍ ആവശ്യപ്പെട്ടപ്പോഴാണ് 89,540 മെട്രിക് ടണ്‍ അരി അനുവദിച്ചത്.തങ്ങുവില പ്രകാരം വില നിശ്ചയിച്ചുകൊണ്ടാണ് അരി അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനം കണ്ട് ഏറ്റവും വലിയ പ്രളയ ദുരിതത്തില്‍ കരകയറാന്‍ കേരളം പാടുപെടുമ്പോഴാണ് കേന്ദ്രത്തിന്റെ തിരിച്ചടി. കാര്‍ഷിക മേഖല ആകെ തകര്‍ന്നടിഞ്ഞ സംസ്ഥാനത്തിന് സഹായ ഹസ്തവുമായി പല സംസ്ഥാനങ്ങളും മുന്നോട്ടുവരുമ്പോഴാണ് കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളും മറ്റ് വിദേശരാജ്യങ്ങളും കേരളത്തോട് കരുണയോടെ പെരുമാറുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ക്രൂരത.

അതെ സമയം ഉത്തരവ് വിവാദമായതോടെ കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന വിശദീകരണവുമായി കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വന്‍ രംഗത്ത് വന്നു.228 കോടി രൂപ പിന്നീട് ഇടാക്കുമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.