വാജ്പേയി അന്തരിച്ചു

596

മുതിർ‍ന്ന ബിജെപി നേതാവു മുന്‍ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്പേയി (94) അന്തരിച്ചു.ഡല്‍ഹി എയിംസില്‍് വൈകീട്ടോടെ ആയിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ഇന്നലെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു.

. 2004–ൽ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം അനാരോഗ്യം കാരണം പൊതുരംഗത്തുനിന്നു പൂർണമായും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. 1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ കൃഷ്ണ ബിഹാരി വാജ്പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി ജനിച്ചു. കാൻപുർ സർവകലാശാലയിൽനിന്ന് രാഷ്‌ട്രതന്ത്രത്തിൽ എംഎ നേടിയശേഷം നിയമപഠനത്തിനു ചേർന്നെങ്കിലും അതു പൂർത്തിയാക്കും മുൻപ് സ്വാതന്ത്യ്രസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യ സമരകാലത്തു ജയിലിൽ കിടന്നു. 1951ൽ ജനസംഘം രൂപം കൊണ്ടപ്പോൾ സ്‌ഥാപകാംഗമായി. 1968 മുതൽ 1973 വരെ ജനസംഘത്തിന്റെ പ്രസിഡന്റുമായി. 1977ൽ ജനതയിൽ ലയിച്ച ജനസംഘം പിന്നീട് 1980 ൽ ഭാരതീയ ജനതാ പാർട്ടിയായി പുനർജനിച്ചപ്പോൾ വായ്‌പേയിയായിരുന്നു ആദ്യ പ്രസിഡന്റ്. അതുല്യനായ പ്രസംഗകനായിരുന്നു വാജ്‌പേയി.

അറിയപ്പെടുന്ന കവിയും. 1977 ൽ അടിയന്തരാവസ്‌ഥക്കാലത്തു ജയിലിലായിരുന്നപ്പോൾ എഴുതിയ കവിതകളുടെ സമാഹാരമാണ് ആദ്യം പുറത്തിറക്കിയത്. പിന്നീടും കവിതകൾ പുറത്തുവന്നു.