അധ്യക്ഷസ്ഥാനത്തെ ചൊല്ലി കളമശ്ശേരി മുന്‍സിപ്പാലിറ്റിയില്‍ എ ഐ ഗ്രൂപ്പ് പോര്

271

കളമശ്ശേരി മുന്‍സിപ്പല്‍ അധ്യക്ഷസ്ഥാനത്ത് ചൊല്ലി കോണ്‍ഗ്രസ്സിലെ എ ഐ ഗ്രൂപ്പ് പോര് മുറുകുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെനോക്കുകുത്തിയാക്കിമാറ്റിയാണ് ഇരുഗ്രൂപ്പുകളും പോരടിക്കുന്നത്. കെപിസിസി സര്‍ക്കുലര്‍ മാനദണ്ഡമാക്കി അധികാരത്തില്‍ കയറിയ എ ഗ്രൂപ്പ് കാരിയായ കളമശ്ശേരി മുന്‍സിപ്പല്‍ അധ്യക്ഷയെ നേതൃമാറ്റം എന്ന തുറുപ്പ്ചീട്ട് ഇറക്കി പുറത്താക്കാന്‍ നാടകങ്ങള്‍ പുരോഗമിക്കുയാണ്.

അതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം മൂന്ന് ഐ ഗ്രൂപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ രാജിവെച്ചത്. ഈ നേതൃമാറ്റത്തിലൂടെ ഐ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത് കളമശ്ശേരിയിലെ മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവിന്റെ ഭാര്യയെ മുന്‍സിപ്പല്‍ അധ്യക്ഷ ആകുന്നതിനു വേണ്ടിയാണെന്നാണ് ആരോപണം. എ ഗ്രൂപ്പ് കാരിയായ ചെയര്‍പേഴ്‌സണ്‍ അധികാരത്തില്‍ കയറിയ അന്നു മുതല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കളമശ്ശേരിയില്‍ ഭരണസ്തംഭനം ആണെന്ന് വരുത്തി തീര്‍ത്ത് മുന്‍സിപ്പല്‍ അധ്യക്ഷയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.

എന്നാല്‍ എറണാകുളം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായില്ല, ഐ ഗ്രൂപ്പുകാരനായ എറണാകുളം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണടച്ച് മൗനാനുവാദം കൊടുത്തിട്ടുണ്ട് എന്നാണ് കളമശ്ശേരിയിലെ എ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നത്.ഒഴിവുവന്ന മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ വീണ്ടും തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഇലക്ഷന്‍ കമ്മീഷന്റെ വിജ്ഞാപനം വന്നിരിക്കുന്ന സാഹചര്യത്തില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ ഭരണപക്ഷത്തു നിന്നും കൈവിട്ടു പോകാതിരിക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സമയത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിപ്പ് കൊടുക്കുമോ എന്നാണ് കണ്ടറിയേണ്ടതാണ്. അങ്ങനെ വിപ്പ് കൊടുക്കാതിരുന്നാല്‍ വളരെ ഗുരുതരമായ ആരോപണമായിരിക്കും എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കേള്‍ക്കേണ്ടി വരിക.

കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജില്ലാ അധ്യക്ഷന്‍ കളമശ്ശേരിയിലെ ഐ ഗ്രൂപ്പ് നേതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തും, സഹപ്രവര്‍ത്തകനും ആയതുകൊണ്ട് കളമശ്ശേരിയിലെ എ ഗ്രൂപ്പ് നേതൃത്വം ഇതിനെ വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വിമത കൗണ്‍സിലറെ കൂടെ കൂട്ടി നിലവിലെ ചെയര്‍പേഴ്‌സണ്‍ എതിരെ വ്യാജ കുബേര കേസ് നല്‍കുകയും, ഈ പരാതിയുടെ പുറകില്‍ പ്രവര്‍ത്തിച്ച കളമശ്ശേരിയിലെ ഐ ഗ്രൂപ്പുകാര്‍ ആണെന്ന് വ്യക്തമായി തെളിഞ്ഞിട്ടും അവരെ ശാസിക്കുവാനോ, അവര്‍ക്കെതിരെ പാര്‍ട്ടിതല നടപടികള്‍ സ്വീകരിക്കുവാന്‍ പോലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറായില്ലെന്ന ആരോപണം മറുപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവുമായുള്ള ഉന്നത ബന്ധമാണ് എന്നുള്ള ഒരു ആരോപണവും നിലനില്‍ക്കുന്നുണ്ട്.