വാര്‍ത്തയില്‍ വര്‍ഗ്ഗീയ പരാമര്‍ശം: മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ പോലീസില്‍ പരാതി

2576

ചാനല്‍ ചര്‍ച്ചക്കിടെ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കാട്ടി മാത്യഭൂമിചാനല്‍ അവതാരകന്‍ വേണുബാലക്യഷനെതിരെ പരാതി. ആലുവയില്‍ ഉസ്മാനെതിരെ നടന്ന പോലീസ് അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ‘മുസ്ലിങ്ങളെ’ എന്നഭിസംബോധന ചെയ്തുകൊണ്ട് വേണു നടത്തിയ പാരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കൊല്ലം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജൂണ്‍ 7നാണ് കേസിനാസ്പദമായ സംഭവം . ഉസ്മാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ‘ഉമിനീര് പോലും ഇറക്കാതെ നോമ്പ് നോല്‍ക്കുന്ന മുസ്ലിം സഹോദരങ്ങളെ, നിങ്ങളുടെ മേല്‍ ആണ് മുഖ്യമന്ത്രി ഈ കളങ്കം ഏല്‍പ്പിച്ചിരിക്കുന്നത് എന്നായിരുന്നു’ എന്നാണ് വേണു ആമുഖമായി പറഞ്ഞത്. വേണുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇസ്ലാം മതവിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രസ്ഥാവന നടത്തി സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണുവിന്റെ പരാമര്‍ശം കാരണമായി എന്ന് ചൂണ്ടി കാണിട്ട് പ്രസ്തുത ചര്‍ച്ചയുടെ വീഡിയോ ക്ലിപ്പടക്കം ഹാജരാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്.

രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ ഒരു മതവിഭാഗത്തിന് നെരെയുള്ള ബോധപൂര്‍വ്വമായ ആക്രമണമായി തെറ്റുധരിപ്പിക്കുന്നതിന് വേണ്ടി മുസ്ലീം സഹോദരങ്ങളെ എന്ന് മാത്രം അഭിസംബോധനെ ചെയ്ത് മതാചാരത്തെ അപമാനിച്ചു എന്ന രീതിയില്‍ തെറ്റുധാരണാജനകവും പ്രകോപനമുണ്ടാകുന്നതുമായ പ്രസ്ഥാവന 153അ പ്രകാരമുള്ള കുറ്റമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

ബോധപൂര്‍വ്വം മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പരാതി സ്വീകരിച്ച പൊലീസ് പരാതിക്കാരനില്‍ നിന്നും വിശദമായ മൊ!ഴി രേഖപ്പെടുത്തി.