പാര്‍ട്ടി ഇനി രക്ഷപെടില്ല; വിഎം സുധീരന്‍

344

കെപിസിസി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയ മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ യോഗഹാളിന് പുറത്തെത്തി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഗ്രൂപ്പുകള്‍ക്കുമെതിരേ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇനി രക്ഷപെടില്ലെന്നും ഈ അവസ്ഥയില്‍ തുടരുമെന്നും പറഞ്ഞ സുധീരന്‍ തന്റെ നിലപാട് ഇനിയും പറയുമെന്നും ആരും തന്റെ വായടപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.രാജ്യസഭാ സീറ്റ് വിഷയത്തില്‍ പാര്‍ട്ടിയിലെ യുവ എംഎല്‍എമാര്‍ സ്വീകരിച്ച നിലപാട് ശരിയായില്ലെന്നും പരസ്യവിമര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗശേഷം പുറത്തിറങ്ങിയ വിഎം സുധീരന്‍ തന്റെ നിലപാട് പരസ്യമായി ആവര്‍ത്തിച്ചത്. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാന്‍ താന്‍ പരമാവധി ശ്രമിച്ചു. പക്ഷെ ഗ്രൂപ്പ് അതിപ്രസരം കൊണ്ട് അത് സാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് അതിപ്രസരമാണ് തോല്‍വിക്ക് കാരണമായത്. വിജയസാധ്യതയല്ല, ഗ്രൂപ്പ് നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഈ സാഹചര്യങ്ങളും താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ കാരണമായെന്ന് സുധീരന്‍ പറഞ്ഞു.

സുധീരന് പുറമെ യോഗം കഴിഞ്ഞ് പുറത്തുവന്ന രാജ്‌മോഹന്‍ ഉണ്ണിത്താനും കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു. ആരും തന്റെ വായടപ്പിക്കാന്‍ നോക്കേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. പാര്‍ട്ടിക്കും മുന്നണിക്കും എതിരായ തീരുമാനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ താന്‍ ഇനിയും പ്രതികരിക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

നേരത്തെ കെപിസിസി യോഗത്തില്‍ സുധീരന്റെ പ്രസംഗം നടക്കുന്നത് തടസപ്പെടുത്താന്‍ എ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിച്ചതോടെ യോഗം തന്നെ അലങ്കോലപ്പെടുന്ന സ്ഥിതിയുണ്ടായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തമ്ബാനൂര്‍ രവി, ജെയ്‌സണ്‍ ജോസഫ്, നാട്ടകം സുരേഷ് തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാന്‍ രംഗത്തെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന ഉത്തരവാദി സുധീരനാണെന്ന് തമ്ബാനൂര്‍ രവി ആരോപിച്ചു. ബാര്‍ വിഷയം രൂക്ഷമാക്കിയത് സുധീരന്റെ നിലപാടാണെന്നും ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സുപ്രിംകോടതി പൂട്ടാന്‍ നിര്‍ദേശിച്ച 418 ബാറുകളുടെ കാര്യത്തില്‍ മാത്രമാണ് താന്‍ നിലപാട് സ്വീകരിച്ചതെന്നും ഉമ്മന്‍ ചാണ്ടിയാണ് പ്രശ്‌നം വഷളാക്കിയതെന്നും സുധീരന്‍ മറുപടിയായി പറഞ്ഞു.ഇരുഗ്രൂപ്പുകാരും വാക്‌പോരുമായെത്തിയതോടെ സുധീരന് പ്രതിരോധം തീര്‍ത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന് പുറമെ ടിഎന്‍ പ്രതാപന്‍, ജോണ്‍സണ്‍ ഏബ്രഹാം തുടങ്ങിയവരുമെത്തി.

പാര്‍ട്ടിയുടെ ഭാരം മൂന്ന് നേതാക്കന്‍മാരും ചേര്‍ന്ന് വഹിച്ച്‌ കഴുത്ത് ഒടിക്കേണ്ടതില്ലെന്ന് രാജ്മാഹോന്‍ ഉണ്ണിത്താന്‍ പറഞ്ഞു.തളര്‍വാതം പിടിപെട്ട് കിടന്ന നേതാക്കന്മാര്‍ക്ക് വരെ കെപിസിസി അംഗത്വം നല്‍കിയിട്ടും തന്നെ തഴയുകയായിരുന്നു. സോളാര്‍ വിവാദമുണ്ടായ കാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പൊതുജനത്തിന് മുന്നില്‍ നിന്നും എല്ലാവരും ഒളിച്ചപ്പോള്‍ താനാണ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി സംസാരിച്ചതെന്നും പാര്‍ട്ടിക്ക് വേണ്ടി വെള്ളംകോരിയ തന്നെ എല്ലാക്കാലത്തും തഴയുകയാണ് ചെയ്തിട്ടുള്ളതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ചെങ്ങന്നൂരിലും യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത് ഗ്രൂപ്പ് കളി തന്നെയാണെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.ഉണ്ണിത്താന് വക്താവ് സ്ഥാനം നല്‍കിയത് തെറ്റായെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വിമര്‍ശിച്ചു. ഹസനല്ല തനിക്ക് വക്താവ് സ്ഥാനം നല്‍കിയതെന്നും എഐസിസിയാണെന്നും ഉണ്ണിത്താന്‍ തിരിച്ചടിച്ചു. കെപിസിസി അധ്യക്ഷനായിരുന്ന സുധീരനെതിരേ പാര്‍ട്ടി ആസ്ഥാനത്ത് വൈസ് പ്രസിഡന്റായിരുന്ന ഹസന്‍വാര്‍ത്താ സമ്മേളനം നടത്തിയത് മറന്നുപോയോ എന്നും തന്നെ ഉപദേശിക്കാന്‍ ഹസന് എന്ത് യോഗ്യതയുണ്ടെന്നും ഉണ്ണിത്താന്‍ ചോദിച്ചു.